ഖരഗ്പുര്‍ ഐ.ഐ.ടി. വിദ്യാര്‍ഥിക്ക് 1.5 കോടി പ്രതിഫലവാഗ്ദാനം

കൊല്‍ക്കത്ത: കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ബഹുരാഷ്ട്രകമ്പനി ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ സ്വന്തമാക്കിയത് പ്രതിവര്‍ഷം ഒന്നരക്കോടിയലധികം(2.5 ലക്ഷം ഡോളര്‍)ശമ്പളവാഗ്ദാനം നല്‍കി.

ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ വിദ്യാര്‍ഥിക്കാണ് ഇന്ത്യയിലെ കാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ലഭിച്ചത്. വിദ്യാര്‍ഥിയുടെ മേല്‍ ‘അനാവശ്യമായ മാധ്യമശ്രദ്ധ’ ഉണ്ടാവും എന്നതിനാല്‍ പേരടക്കമുള്ള വിവരങ്ങള്‍ ഐ.ഐ.ടി. അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കാമ്പസ് റിക്രൂട്ട്‌മെന്റ് തുടങ്ങിയ തിങ്കളാഴ്ച ഖരഗ്പുര്‍ ഐ.ഐ.ടി.യില്‍ 27 കന്പനികള്‍ 163 പേര്‍ക്കാണ് ജോലി നല്‍കിയത്. പ്രതിവര്‍ഷം 42 ലക്ഷംരൂപയാണ് ഇന്ത്യയിലെ കമ്പനിയില്‍ നിന്ന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളവാഗ്ദാനം.

മദ്രാസ് ഐ.ഐ.ടി.യില്‍ ആദ്യദിവസം ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളവാഗ്ദാനം പ്രതിവര്‍ഷം 80 ലക്ഷം രൂപയുടേതാണ്(1.25 ലക്ഷം ഡോളര്‍). തൊട്ടടുത്ത സ്ഥാനത്ത് ഇന്ത്യയില്‍നിന്നുള്ള കമ്പനിയുടെ 30 ലക്ഷം രൂപയുടേതാണ്. ഈ വിദ്യാര്‍ഥികളുടേയും പേര് പുറത്തുവിട്ടിട്ടില്ല.
വിസ, ഗോള്‍ഡ്മാന്‍ സാക്ക്‌സ്, ക്രെഡിറ്റ് സൂയിസ്സ്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഷെല്‍ ഇന്ത്യ, ഐ.ടി.സി., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ബഹുരാഷ്ട്രകമ്പനികളാണ് ഐ.ഐ.ടി. കാമ്പസുകളില്‍നിന്ന് ‘ മിടുക്കന്മാരേയും മിടുക്കികളേയും’ റാഞ്ചാനെത്തിയത്.

Courtesy : http://www.mathrubhumi.com/online/malayalam/news/story/3287016/2014-12-03/india